സഭ ട്രസ്റ്റല്ല; സഭയുടെ സ്വത്ത് പൊതുസ്വത്തുമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍. എറണാകുളം – അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പോലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്.

സഭ ട്രസ്റ്റല്ലെന്ന് സത്യവാങ്മൂലത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമത് ഒരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഭൂമിയിടപാടില്‍ കേസെടുക്കണം എന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പോലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമിയിടപാട് പോലീസ് അന്വേഷിച്ച് അഴിമതിയുണ്ടെങ്കില്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഭൂമിയുള്‍പ്പെടെ സ്വത്തുക്കള്‍ കത്തോലിക്കാസഭയിലെ ഓരോ അംഗത്തിനും അവകാശമുള്ളതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിരൂപത അതിന്റെ ട്രസ്റ്റി മാത്രമാണ്. അതിരൂപതാ അധികാരികളുടെ നടപടികള്‍ സുതാര്യമാകണം. ശരിയായ അന്വേഷണമില്ലാതെ ഒതുക്കിത്തീര്‍ക്കുന്നത് സമൂഹത്തിന് തെറ്റായസന്ദേശം നല്‍കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.