പെണ്‍കുട്ടിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസ്; വിവാഹം രജിസ്റ്റര്‍ ചെയ്തത് വ്യാജ ആധാറിൽ

representative image

ബംഗലൂരു: പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. വിവാഹം രജിസ്റ്റര്‍ ചെയ്തത് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണെന്നാണ് പൊലീസ് കണ്ടെത്തി. ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ആലുവാ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ബംഗലൂരുവില്‍ നടത്തിയ അന്വേഷണത്തിലാണ് മതം മാറ്റി സിറിയയിലേക്ക് കടത്താന് ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. അച്ഛനമ്മമാരോടൊപ്പം ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ പത്തനംതിട്ട സ്വദേശിനിയായ യുവതി പഠന ആവശ്യങ്ങള്‍ക്കാണ് ബംഗലൂരുവിലെത്തിയത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ഒന്നാം പ്രതി റിയാസ് അവരുമൊന്നിച്ച് വിവിധ ഇടങ്ങളില്‍ താമസിച്ചു. വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി വിവാഹം രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുമൊന്നിച്ച് റിയാസ് താമസിച്ച സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തി.

വ്യാജ ആധാര്‍ കാര്‍ഡ് തയാറാക്കിയ സ്ഥലം പൊലീസിന് കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേസ് ഈമാസം 29 നാണ് കേസ് കേടതി പരിഗണിക്കുക. ഒന്നാംപ്രതി റിയാസ് ഒളിവിലാണ്. റിയാസിന്‍റെ അടുത്ത ബന്ധുവായ പറവൂര്‍ സ്വദേശി ഫയാസിനെയും മാഞ്ഞാലി സ്വദേശി സിയാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിയാസിന് താമസം ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ഫയാസും സിയാദും റിമാന്റിൽ തുടരുകയാണ്. അന്വേഷണം ഏറ്റെടുക്കാൻ എൻ.ഐ.എ. നീക്കവുമുണ്ട്.