സ്വപ്‌ന സുരേഷും സന്ദീപ് നായരും ബെംഗളുരുവില്‍ പിടിയില്‍

 

ഞായറാഴ്ച രാവിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷം കൊച്ചിയിലേക്ക്

ബെംഗളുരു: തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന
സുരേഷും സന്ദീപ് നായരും ബെംഗളുരുവില്‍ പിടിയിലായി.
എന്‍.ഐ.എ ആണ് ഇരുവരെയും പിടികൂടിയത്. സ്വപ്ന ഒളിവില്‍ പോയത് കുടുംബത്തോടൊപ്പമാണെന്നാണ് വിവരം.
കൊറമംഗലയിലെ എന്‍.ഐ.എ ഓഫീസില്‍ കൊണ്ടുവന്ന ഇരുവരെയും ചോദ്യം ചെയ്യുന്നതായാണ് വിവരം. ശനിയാഴ്ച രാത്രിതന്നെ കൊച്ചിയിലേക്ക് തിരിക്കാനായിരുന്നു ആദ്യ പ്ലാനെങ്കിലും പിന്നീട് അതു വേണ്ടെന്നുവച്ചു. രാത്രി യാത്ര ഒഴിവാക്കാനായിരുന്നു അത്. ഞായറാഴ്ച രാവിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷം കൊച്ചിയിലേക്ക് പകല്‍ തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിമാനത്തിലാണോ റോഡ് മാര്‍ഗമാണോ വരുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയാണ്
കസ്റ്റഡിയിലായ സ്വപ്‌ന. ഒന്നാം പ്രതി സരിത്ത് നേരത്തെ പിടിയിലായിരുന്നു.

ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് ഇരുരെയും അറസ്റ്റ് ചെയ്ത്. ഇവരുടെ സ്ഥലം വൈകിട്ടോടെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുടുക്കിയത്. ഇരുവരും ഒരുമിച്ചാണ് തിരുവനന്തപുരത്തുനിന്ന് ഒളിവില്‍ പോയത്. തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു. പിന്നീട് രണ്ടായി പിരിയുകയും കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-െപൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്‌ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പ്ലാന്‍.