സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും മൂന്നു ദിവസത്തേക്ക്റിമാന്‍ഡ് ചെയ്തു

കൊച്ചി: തിരുവനന്തപുരം എയര്‍കാര്‍ഗോ കോംപ്ലക്‌സിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി ബെംഗളുരുവില്‍ എന്‍.ഐ.എയുടെ പിടിയിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍.ഐ.എ കോടതി 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളുരുവില്‍ നിന്ന് കൊണ്ടുവരുന്ന വഴി ആലുവ ജില്ലാ ആശുപത്രിയില്‍ വച്ച് എടുത്ത ഇവരുടെ സ്രവത്തിന്റെ പരിശോധനാ ഫലം തിങ്കളാഴ്ച വരുന്നതോടെ എന്‍.ഐ.എ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും. അതുവരെ അങ്കമാലിയിലെയും തൃശൂരിലെയും കൊവിഡ് കെയര്‍ സെന്ററില്‍ ഇരുവരെയും കനത്ത സുരക്ഷാ സന്നാഹങ്ങളോടെ പാര്‍പ്പിക്കും.ഇരുവരെയും കോടതി മൂന്നുദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
അതേസമയം, എന്‍.ഐ.എ നല്‍കിയ 10 ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
സ്വപ്‌ന സുരേഷിനെ തൃശൂരിലുള്ള കൊവിഡ് കെയര്‍ സെന്ററിലേക്കും സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലുളള സെന്ററിലേക്കുമാണ് റിമാന്‍ഡ്‌ചെയ്തത്. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം വരുന്ന മുറയ്ക്ക് എന്‍.ഐ. എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
എന്‍.ഐ.എ ജഡ്ജി പി.കൃഷ്ണകുമാര്‍ ഞായറാ്ച അവധിയായിട്ടും കലൂരിലെ കോടതിയില്‍ എത്തിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. കൊവിഡ് പരിശോധന ആര്‍.ടി.പി.സി.ആര്‍ ആയതിനാല്‍ ഫലം തിങ്കളാഴ്ചയേ വരൂ. അതിനാല്‍ അതിനുമുമ്പ് എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാകും. അതിനാലാണ് കോടതി റിമാന്‍ഡ് ചെയ്തത്.
രാജ്യാന്തര ബന്ധങ്ങളുള്ള അത്യപൂര്‍വമായ കേസായതിനാല്‍ സമയം കളയാതെ പ്രതികളെ കിട്ടിയാലെ കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ പല തുമ്പുകളിലേക്കും എത്താനാകൂ. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.