ട്വീറ്റുകളിലൂടെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ സുഷമ; സുഷമയുടെ അവസാന ട്വീറ്റും രാജ്യത്തിൻറെ കണ്ണ് നനയ്ക്കുന്ന

ന്യൂ ഡൽഹി: മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിട പറയുമ്പോൾ രാജ്യത്തിന് ഉണ്ടാകുന്നത് തീരാ നഷ്ട്ടം. ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു ഇന്ത്യയുടെ പ്രിയപ്പെട്ട വിദേശകാര്യമന്ത്രിക്ക് ജീവന്‍ നഷ്ടമായത്. സുഷമയുടെ മരണവാര്‍ത്ത പോലെ തന്നെ ഏവരെയും വേദനിപ്പിക്കുന്നതാണ് അവരുടെ അവസാന ട്വീറ്റും.

സുഷമ ഏറ്റവുമൊടുവിലായി ട്വിറ്റ് ചെയ്തത് കശ്മീര്‍ വിഭജന ബില്ലിനെക്കുറിച്ചാണ്. ജീവിതകാലത്ത് കാണാനാഗ്രഹിച്ച ദിവസം എന്നാണ് മോദിയെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ സുഷമ കുറിച്ചത്.

പ്രധാനമന്ത്രിയോട് വളരെയധികം നന്ദിയുണ്ടെന്ന് കുറിച്ച ട്വീറ്റില്‍ കശ്മീരിലെ സര്‍ക്കാര്‍ നടപടിയിലെ സന്തോഷമാണ് പ്രകടിപ്പിക്കപ്പെട്ടത്. രാത്രിയോടെ അവര്‍ യാത്രയാകുമ്പോള്‍ ആ ട്വീറ്റ് രാജ്യത്തിൻറെ കണ്ണ് നനയ്ക്കുന്നതാകുന്നു.

ട്വിറ്റര്‍ എന്ന സാമൂഹികമാധ്യമത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ജനപ്രതിനിധികളില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലുടെ അവര്‍ ജനങ്ങളുമായി സംവദിച്ചത്. ഏതുസമയത്തും സഹായം തേടി ആരു സമീപിച്ചാലും അവര്‍ക്ക് കൃത്യമായ മറുപടി നല്‍കാനും സഹായം ഉറപ്പുവരുത്താനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഓരോ ഇടപെടലുകളും യഥാസമയം സുഷമ സ്വരാജ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ചൊവ്വാഗ്രഹത്തില്‍ കുടുങ്ങികിടക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചുള്ള ഒരു പരിഹാസ ട്വീറ്റിന് സുഷമ സ്വരാജ് നല്‍കിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. ഇനി നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി നിങ്ങളെ സഹായിക്കുമെന്നായിരുന്നു അവരുടെ മറുപടി. ഈ ട്വീറ്റ് വൈറലാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.