വലിയ വട്ടപ്പൊട്ടും മൂക്കുത്തിയും അണിഞ്ഞ സുഷമ; കർക്കശ്യത്തിന്റെയും സൗമ്യതയുടെയും നേതാവിനെ കേരളത്തിനും മറക്കാനാകില്ല! ചിത്രങ്ങളിലൂടെ…

മുൻ വിദേശ്യ കാര്യ മന്ത്രി സുഷമ സ്വരാജ് വിട പറയുമ്പോൾ രാജ്യം അവർ ചെയ്ത കാര്യങ്ങളെ പറ്റി ഓർക്കുകയാണ്. കേരളത്തിന് ഒരിക്കലും മറക്കാനാകുന്നതല്ല സുഷമാ സ്വരാജിന്റെ മനുഷ്യസ്നേഹവും നയതന്ത്ര ഇടപെടലും. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കാനും ലിബിയയിൽ സംഘ‌ർഷത്തിൽ അകപ്പെട്ടവരെ തിരികെ എത്തിക്കാനും ടോം ഉഴുന്നാലിലിന്റെ മോചനത്തിലുമെല്ലാം അത് കേരളം അനുഭവിച്ചറിഞ്ഞു.

നിലപാടുകളിലെ കാര്‍ക്കശ്യത്തെ പെരുമാറ്റത്തിലെ സൗമ്യത കൊണ്ടു മറികടന്ന സുഷമയുടെ സ്നേഹത്തിനും വാത്സല്യത്തിനുമൊപ്പം ആ വട്ടപ്പൊട്ടും മൂക്കുത്തിയും അവരെ ജനമനസ്സുകളിലെ പ്രിയപ്പെട്ട സാന്നിധ്യമാക്കി. സിന്ദൂരവും കഴുത്തിലെ മംഗല്യസൂത്രവും ഭംഗിയില്‍ ഞൊറിഞ്ഞുടുത്ത സാരിയും, ഒപ്പമുള്ള ജാക്കറ്റും, മുക്കൂത്തിയും അണിഞ്ഞ സുഷമയെ രാജ്യം നെഞ്ചിലേറ്റി കഴിഞ്ഞിരുന്നു. ട്വിറ്ററിലൂടേയും നേരിട്ടും സഹായാഭ്യർഥന നടത്തിയവരെല്ലാം ആ സ്നേഹവാൽസല്യം അനുഭവിച്ചറിഞ്ഞു.

ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത സുഷമാ സ്വരാജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. തനിക്ക് അവസരം നല്‍കിയതിന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം വൈകാരികമായി പ്രതികരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

2016ല്‍ സുഷമാ സ്വരാജ് കിഡ്‌നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

ബി.ജെ.പിയിലെ ഏറ്റവും ശക്തയായ വനിതാ നേതാവായിരുന്ന സുഷമാ സ്വരാജ് ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ്, ലോക്‌സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്, ദില്ലി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

1996,1998,1999 കാലത്ത് വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2009-14 കാലഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് സ്ഥാനം സുഷമ വഹിച്ചത്.

1953-ല്‍ ഫെബ്രുവരി 14-ന് ഹരിയാനയിലെ അമ്പാലയിലാണ് സുഷമാ സ്വരാജ് ജനിച്ചത്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. മകളുടെ പേര് ബാന്‍സുരി കൗശല്‍ എന്നാണ്. ബൻസൂരി ഏക പുത്രി.

Sushama and Swaraj Kaushal
Sushamma Swaraj and daughter Bansuri

Sushma Swaraj celebrating Karwa Chauth