ശബരിമല: റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കും

ഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഫയല്‍ ചെയ്ത പുതിയ ഹര്‍ജികൾ ഇന്ന് പരിഗണിക്കില്ല. അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ ഹര്‍ജികളും തുറന്ന കോടതിയിലാണ് പരിഗണിക്കുക. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് എല്ലാ ഹര്‍ജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുക. തുറന്ന കോടതിയിലായിരിക്കും കോടതി വാദം കേള്‍ക്കുക. വൃശ്ചികം ഒന്നിന്(നവംബര്‍ 16) ശബരിമല നട തുറക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി പരിഗണനയ്ക്ക് എടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. മൂന്ന് റിട്ട് ഹര്‍ജികളുടെ കാര്യത്തിലാണ് കോടതി തീരുമാനമറിയിക്കുക.

അതേസമയം നേരത്തേ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തണമെങ്കില്‍ കേസ് ഇനി ഏഴംഗ ഭരണഘടനാബെഞ്ചിലേക്ക് മാറ്റേണ്ടി വരും. കുറഞ്ഞത്, പ്രാഥമികമായി കേസ് പരിഗണിക്കേണ്ട മൂന്നംഗ ബെഞ്ചിന്റെ കാര്യത്തിലെങ്കിലും ആദ്യം കോടതി തീരുമാനം അറിയിക്കുമെന്നാണ് സൂചന.

അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ 19 പുനപരിശോധനാ ഹര്‍ജികളും വിധിക്കെതിരായി ഇതിനോടകം വന്നിട്ടുണ്ട്. ഈ മാസം 28 വരെയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള സമയം.