നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷയ്ക്ക് ഇളവില്ല; ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചിരുന്നു

ഡല്‍ഹി: നിര്‍ഭയാ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് സുപ്രീം കോടതി. ശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. വിധിപ്രസ്താവിക്കുന്ന സമയത്ത് നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയിലുണ്ടായിരുന്നു.

കേസിലെ നാലുപ്രതികളില്‍ മൂന്നുപേരാണ് വിധി പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. മുകേഷ്, പവന്‍ ഗുപ്ത, വിനയ് മിശ്ര എന്നിവരാണ് ശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നാലാമനായ അക്ഷയ് കുമാര്‍ സിങ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല.

നാലുപ്രതികള്‍ക്കും വധശിക്ഷ നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി കഴിഞ്ഞവര്‍ഷം മേയില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.

ജനകീയവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദം മൂലമാണ് സുപ്രീം കോടതിവിധി വധശിക്ഷ ശരിവച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ പി സിങ് പറഞ്ഞു.

2012 ഡിസംബര്‍ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.