377 -ാം വകുപ്പ് ഇല്ലാതാകുന്നതോടെ എല്‍.ജി.ബി.ടി. വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സുപ്രീം കോടതി

ഡല്‍ഹി : സ്വവര്‍ഗരതി കേസില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെ എല്‍.ജി.ബി.ടി. വിഭാഗത്തെ ഇപ്പോഴും ക്രിമിനലുകളായിത്തന്നെ കാണുന്ന സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണമെന്ന് സുപ്രീം കോടതി. 377 ാം വകുപ്പ് ഇല്ലാതാകുന്നതോടെ എല്‍.ജി.ബി.ടി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറേ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കോടതി പരാമര്‍ശിച്ചു.

രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അവഗണനയും മാറ്റിനിര്‍ത്തലുമാണ് എല്‍.ജി.ബി.ടി സമൂഹം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് എന്ന് സ്വവര്‍ഗരതി കേസിന്റെ വാദം മൂന്നാംദിവസം കേള്‍ക്കുന്നതിനിടെ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. തങ്ങള്‍ ക്രിമിനലുകളാണെന്നും അവഗണിക്കപ്പെടുന്നു എന്നുമുള്ള തോന്നലുകള്‍ എല്‍.ജി.ബി.ടി സമൂഹത്തിന് ഇല്ലാതാകണം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന 377 -ാം വകുപ്പ് എടുത്ത് മാറ്റുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് അനുമാനിക്കുന്നത്.
ഇവര്‍ക്കിടയിലെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളാണ് മറ്റൊരു ഗൗരവമുള്ള വിഷയം. മറ്റുള്ളവരുടെ സമ്മര്‍ദ്ദംമൂലം ഇവര്‍ക്ക് വിവാഹം കഴിക്കേണ്ടിവരുന്നതും അതുവഴി ലൈംഗിക പീഡനം അനുഭവിക്കേണ്ടിവരുന്നതുമായ സ്ഥിതിഗതിയില്‍ മാറ്റംവരണമെന്നും കോടതി വ്യക്തമാക്കി. സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളില്‍ സ്വവര്‍ഗരതി നിയമവിധേയമാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച അശോക് ദേശായി സമര്‍ത്ഥിച്ചു.