അയോധ്യ കേസ് നേരത്തേ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഡല്‍ഹി: അയോധ്യാക്കേസിലെ വാദം എത്രയും വേഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അഖില ഭാരത് ഹിന്ദുമഹാസഭയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയിൽ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേൾക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ബരുണ്‍ കുമാര്‍ സിന്‍ഹയാണ് ഹിന്ദു മഹാസഭയ്ക്കു വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരിയിലാണ് പരിഗണിക്കുന്നതെന്നും ഇതു സംബന്ധിച്ച ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.

രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അയോധ്യ കേസ് വീണ്ടും ചർച്ചാവിഷയം ആകുകയാണ്. രാമ ജൻഭൂമി ന്യാസും വിശ്വഹിന്ദു പരിഷത്തും ആർഎസ്എസും ബിജെപിയും എല്ലാം വീണ്ടും അയോധ്യ രാമജൻമഭൂമി തർക്കം ചർച്ചാവിഷയം ആക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കോടതിയെ മറികടന്ന് ഓർഡിനൻസിലൂടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനും ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾ കേന്ദ്രസ‍ർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.