കർണാടക: രാജിയില്‍ ഇന്നു തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കർണാടകയിൽ പ്രതിസന്ധി സൃഷ്ട്ടിച്ചു കൊണ്ട് വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയില്‍ ഇന്നു തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് പത്ത് വിമത എം എല്‍ എമാരോടും സ്പീക്കര്‍ രമേഷ് കുമാറിനു മുന്നില്‍ നേരിട്ടു ഹാജരാകാനും രാജി സമര്‍പ്പിക്കാനാണ് താത്പര്യമെങ്കില്‍ രാജിക്കത്ത് കൈമാറാനും കോടതി നിര്‍ദേശിച്ചു.

രാജിവിഷയത്തില്‍ സ്വീകരിച്ച തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ കോടതിയെ അറിക്കണമെന്നും സുപ്രീം കോടതി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിമത എം എല്‍ എമാര്‍ക്ക് സുരക്ഷ നല്‍കണമെന്നും കര്‍ണാടക ഡി ജി പിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് വിമതര്‍ ഹര്‍ജി നല്‍കിയത്. രാജി സ്വീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കുമാരസ്വാമിയുടേത് അഴിമതി ഭരണമാണെന്നും, നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിൽ എംഎൽഎമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.