ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും;തിങ്കളാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് എൻഫോഴ്സ്മെന്റിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ചവരെ ചിദംബരത്തെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

സി.ബി.ഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

ചിദംബരം നിലവില്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച തന്നെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ചിദംബരത്തിന്റെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.

തിങ്കളാഴ്ച ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. ചോദ്യം ചെയ്യുന്നതിനായി തുടര്‍ന്നും കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയില്‍ ആവശ്യപ്പെടും.

കഴിഞ്ഞ ബുധനാഴ്ചയാണ് ചിദംബരത്തിനെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അദ്ദേഹത്തെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.

മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് സി.ബി.ഐ അറിയിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സി.ബി.ഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.