ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് നീക്കം

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിച്ച് വരുകയാണെന്ന് അറിയിച്ചത്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രമേയം കൊണ്ടുവരുന്നതിന് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിവരുകയാണെന്നും യെച്ചൂരി അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ല.

ഇപ്പോള്‍ നിയമനിര്‍മ്മാണസഭ ഇടപെടേണ്ട ഘട്ടമെത്തിയെന്നും യെച്ചൂരി പറഞ്ഞു. ലോയ വിഷയമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കത്തിന് ഒരു കാരണം. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. ലോയയുടേത് ഉള്‍പ്പെടെ പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്.