ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഗുലാം നബി ആസാദിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങൾ സ്തംഭിച്ചിട്ടുണ്ടെങ്കിൽ സാഹചര്യങ്ങൾ പരിശോധിക്കാൻ നേരിട്ട് കശ്മീരിൽ പോകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ശ്രീനഗര്‍, ബാരാമുള്ള, അനന്ത്‌നാഗ്, ജമ്മു എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയത്.

സുരക്ഷ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കാനാകില്ലെന്നും കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് ദില്ലിയിലെ പാക് ഹൈകമ്മീഷൻ വഴി സഹായം കിട്ടുന്നുണ്ടെന്നും അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചു.

ജനങ്ങളോട് സംസാരിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ അവിടെയെത്തിയ ശേഷം പ്രസംഗങ്ങളോ പൊതുറാലികളോ സംഘടിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ ജമ്മു കശ്മീരില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുലാം നബി ആസാദ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആസാദിന്റെ ഹര്‍ജി പരിഗണിച്ചത്.