കർണാടക: സുപ്രീം കോടതി വിധി ഇന്ന്; രണ്ട് വിമത എംഎൽഎമാരെ സ്പീക്കര്‍ വിളിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ 15 വിമത എം.എല്‍.എ.മാര്‍ തങ്ങളുടെ രാജിക്കത്തു സ്വീകരിക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച രാവിലെ 10.30-നു വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു കോണ്‍ഗ്രസ്-ജെ.ഡി.എസ്. വിമതരുടെ ഹര്‍ജി പരിഗണിക്കുന്നത്.

അതെ സമയം, കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ രണ്ട് വിമത എംഎൽഎമാരെ സ്പീക്കര്‍ വിളിപ്പിച്ചു. കോൺഗ്രസ്‌ വിമത എം എൽ എമാരായ എംടിബി നാഗരാജ്, കെ സുധാകർ എന്നിവരെയാണ് സ്പീക്കർ വിളിപ്പിച്ചത്. വൈകിട്ട് മൂന്നരയ്ക്ക് ഓഫീസിൽ എത്തണം എന്നാണ് സ്പീക്കറുടെ നിർദ്ദേശം. രാജിക്ക് ശേഷമുള്ള വിശദീകരണത്തിന് വേണ്ടിയാണ് സ്പീക്കര്‍ വിളിപ്പച്ചതെന്നാണ് വിവരം.

രാജിക്കാര്യത്തില്‍ സ്പീക്കര്‍ ആദ്യം തീരുമാനമെടുക്കണമെന്നു വിമത എം.എല്‍.എ.മാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു. എന്നാല്‍, വിമതരെ അയോഗ്യരാക്കാനുള്ള പരാതിയിലാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നു സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്വിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും വാദിച്ചു.

എന്തുകൊണ്ടാണു രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍, രാജിയും അയോഗ്യതയും ഒന്നിച്ചുപരിശോധിച്ചുവരികയാണെന്നാണു സ്പീക്കര്‍ മറുപടി നല്‍കിയത്. രാജിയിലോ, അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാൻ കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ നിരത്തിയ പ്രധാന വാദങ്ങളിലൊന്ന്. രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്ന് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു. സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് ഇന്നലെ കേസിൽ വാദം കേൾക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.