കാത്തിരിപ്പിനു വിരാമം; സണ്ണി ലിയോണ്‍ മലയാളത്തില്‍

സണ്ണി ലിയോണ്‍ അഭിനയിക്കുന്ന വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ സിനിമ ഒരുക്കുന്നത്. വി.സി. വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് വീരമഹാദേവി.

കേരളത്തിലെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ തനതു കലാരൂപങ്ങളും കളരിപ്പയറ്റും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

കേരളത്തിലെ ചാലക്കുടിയിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബാഹുബലി, യന്തിരന്‍ 2 എന്നീ സിനിമകളില്‍ ഗ്രാഫിക്‌സ് ചെയ്ത ടീമാണ് ഈ ചിത്രത്തിന്റെ ഗ്രാഫിക് വര്‍ക്ക് ചെയ്യുന്നത്. സണ്ണി ലിയോണിനൊപ്പം നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവര്‍ ഇതില്‍ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ കഥ അറിഞ്ഞ ശേഷം നടി വളരെ ത്രില്ലിലായിരുന്നു. ‘ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു. ആദ്യമായാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെണ്‍കൊടിയായി ഒരുപാട് കാലമായി ഞാന്‍ പ്രതീക്ഷിച്ച വേഷമാണിത് . കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടി.’ സണ്ണി ലിയോണ്‍ പറയുന്നു.