പണം അധികമായി ചിലവഴിച്ചു; സണ്ണി ഡിയോളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു

അമൃത്സര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിധിയില്‍ കൂടുതല്‍ പണം ചിലവഴിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക്‌സഭയിലേക്ക് വിജയിച്ച ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ അയോഗ്യനായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സണ്ണി ഡിയോളിന് നോട്ടീസ് അയച്ചു. 70 ലക്ഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചിലവഴിക്കാവുന്ന തുക. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ പ്രചാരണത്തിനായി ചിലവഴിച്ചുവെന്നാണ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്.

സണ്ണി ഡിയോളിന്റെ മറുപടി ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കും. കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ നടന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കി പകരം രണ്ടാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.