ഒടുവിൽ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോണ്‍ മലയാളത്തിലേക്കും.ബോളിവുഡ് നടി മലയാളത്തിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണ്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ ബിജു.ജെ.കട്ടക്കലും പറഞ്ഞിരുന്നുവെങ്കിലും നടിയോ നടിയോട് ബന്ധപ്പെട്ടവരോ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല.

ഇപ്പോഴിതാ മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റം സണ്ണി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജയലാല്‍ മേനോനാണ്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ചോ, കൂടെ അഭിനയിക്കുന്നവരെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണിയുടെ പുതിയ ചിത്രം. സംവിധാനം ചെയ്യുന്നത് വി.സി വടിവുടൈയാന്‍ ആണ്. തെലുഗിലും തമിഴിലും സണ്ണിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും. ചിത്രത്തിനായി കളരിപ്പയറ്റുും കുതിര സവാരിയും തമിഴ് ഭാഷയും സണ്ണി പഠിച്ചിരുന്നു.