പാണക്കാട് തങ്ങൾമാർക്ക് സമസ്തയുടെ അന്ത്യശാസനം

കോഴിക്കോട്: പാണക്കാട് സയിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്കും സയിദ് മുനവറലി ശിഹാബ് തങ്ങള്‍ക്കും വീണ്ടും സമസ്തയുടെ മുന്നറിയിപ്പ്. മുജാഹിദ്-ജമാഅത്തെ ഇസ്ലാമി പരിപാടികളിൽ പങ്കെടുക്കരുതെന്ന നിലപാടിൽ സമസ്തയ്ക്ക് മാറ്റമില്ലെന്നും മുജാഹിദ് പരിപാടികളിൽ പങ്കെടുത്താൽ സംഘടനയിൽ ഉണ്ടാവില്ലെന്നുമാണ് തങ്ങള്‍മാര്‍ക്ക് സമസ്തയുടെ മുന്നറിയിപ്പ്.

മുജാഹിദ് സമ്മേളനം നടന്നയിടത്തുതന്നെ മറു സമ്മേളനം നടത്തി മറുപടി നല്‍കാനാണ് സമസ്ഥയുടെ തീരുമാനം. സമ്മേളനത്തിലേക്ക് ഹൈദരലി തങ്ങളെ ഒഴികെ മറ്റാരെയും വിളിച്ചിട്ടില്ല. ഫലത്തില്‍ മുജാഹിദ് സംഘടനയുമായി ചേര്‍ന്ന് നില്‍ക്കുന്ന മുസ്ലിംലീഗ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാകും.

സലഫിസത്തിനെതിരെ പ്രചാരണവുമായി മുന്നോട്ടുപോകുമെന്ന് സമസ്ത നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സുന്നി – മുജാഹിദ് തര്‍ക്കം രൂക്ഷമായത്. മുജാഹിദ് ആശയമായ സലഫിസം തീവ്രമതചിന്ത ഉത്പാദിപ്പിക്കുന്നതാണെന്നും കാണാതായ യുവാക്കളെല്ലാം ഈ ചിന്തയില്‍ ആവേശം കൊണ്ടവരാണെന്നും സുന്നി സംഘടനകള്‍ ആരോപിക്കുന്നു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയുടെ പേരില്‍ സലഫിസം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാര്‍ വ്യക്തമാക്കിയിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അറിയിച്ചു.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത മത നേതൃത്വത്തിന്‍റെ വിലക്കുണ്ടായിട്ടും പാണക്കാട് തങ്ങള്‍ കുടുംബത്തിലെ പ്രധാനികള്‍ പങ്കെടുത്തത് നേരത്തെയും വിവാദമായിരുന്നു.