ശൂന്യതയില്‍ നിന്ന് അധികാരത്തിലേക്ക്; ത്രിപുരയില്‍ ബിജെപി കൊടികുത്തിയതിന് പിന്നിലിതൊക്കെയാണ്

അഗര്‍ത്തല: ശൂന്യതയില്‍നിന്ന് അത്ഭുതം സൃഷ്ടിക്കാന്‍ ത്രിപുരയില്‍ ബിജെപി നടത്തിയത് കൃത്യതയും സൂക്ഷ്മതയുമുള്ള നീക്കങ്ങള്‍. വിദഗ്ധമായ ആസൂത്രണത്തിന്റെയും തന്ത്രങ്ങളുടെയും വിജയമാണ് ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കാന്‍ ബിജെപിക്ക് അവസരമൊരുക്കിയത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളെയും സിപിഎമ്മിന്റെ പാളിച്ചകളെയും സമര്‍ത്ഥമായി മുതലെടുക്കാനും അവസരത്തിനൊത്ത് ചുവടുവെക്കാനും ബിജെപിക്ക് സാധിച്ചു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ പ്രധാനിയും ആര്‍എസ്എസ് നേതാവുമായ സുനില്‍ ദേവ്ധറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ദേവ്ധറെ കൂടാതെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മയും സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ബിപ്ലബ് ദേബുമടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് ത്രിപുര പിടിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരുന്നത്.

ബിജെപിക്കുവേണ്ടി മുന്‍പും നിര്‍ണായക നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട് ദേവ്ധര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിച്ചപ്പോള്‍ പ്രചാരണച്ചുമതല മഹാരാഷ്ട്രക്കാരനായ ദേവ്ധറിനായിരുന്നു. അതിനു മുമ്പ് മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ജില്ലയുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇവിടെ സി.പി.എമ്മിനുണ്ടായിരുന്ന ഏക സീറ്റ് പിടിച്ചെടുക്കുന്നതില്‍ ബി.ജെ.പി. വിജയിച്ചത് ദേവ്ധറിന്റെ നേതൃത്വത്തിലായിരുന്നു. ഇതാണ് ത്രിപുരയുടെ ചുമതല ദേവ്ധറിനെ ഏല്‍പിക്കാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ദേവ്ധര്‍ ആണ് ഡല്‍ഹിയിലായിരുന്ന ബിപ്ലബ് ദേബിനെ ത്രിപുരയിലേക്ക് വിളിപ്പിച്ചത്.

ആധുനിക സാങ്കേതിക വിദ്യകളൊക്കെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ത്രിപുരയില്‍ ബിജെപിയുടെ പ്രചരണ പരിപാടികള്‍. തിരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ ഇത് ആരംഭിച്ചിരുന്നു. പരമാവധി വോട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും സ്മാര്‍ട്ഫോണ്‍ ഉള്ളവര്‍ക്ക് വാട്സ്ആപ്പ് വഴിയും മറ്റുള്ളവര്‍ക്ക് മെസ്സേജുകള്‍ വഴിയും പ്രചാരണ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. ‘മോദി ദൂത് യോജന’ എന്നായിരുന്നു ഈ പ്രചാരണ പരിപാടിയുടെ പേര്.

* വാരാണസിയില്‍ 2014ല്‍ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും താങ്കളാണ് നേതൃത്വം നല്‍കിയത്. ത്രിപുരയിലും താങ്കളെ തിരഞ്ഞെടുത്തതിന് പിന്നില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിച്ചപ്പോള്‍ പ്രചാരണച്ചുമതല എനിക്കായിരുന്നു. 2013ല്‍ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ മത്സരിക്കുമ്പോള്‍ എനിക്കായിരുന്നു സൗത്ത് ഡല്‍ഹിയുടെ ചുമതല. അന്ന് ബിജെപി പത്തില്‍ ഏഴ് സീറ്റ് നേടിയിരുന്നു. പിന്നീട് 2014ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ഞാന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കി. അവിടെ സി.പി.എമ്മിനുണ്ടായിരുന്ന ഏക സീറ്റ് ഞങ്ങള്‍ പിടിച്ചെടുത്തു. ആ സമയത്താണ് അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനാകുന്നത്. അന്ന് മുബൈയില്‍ അദ്ദേഹം വരികയും പരിചയപ്പെടുകയും ചെയ്തു. പിന്നീട് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും അമിത് ഷായും മോദിയും എന്നെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

* പേരിന് പോലും ഒരു സാന്നിധ്യം ഇല്ലാതിരുന്ന ബിജെപിക്ക് ത്രിപുരയില്‍ ഇത്തരത്തിലൊരു നേട്ടമുണ്ടാക്കാന്‍ ചെറിയ സമയത്തിനുള്ളില്‍ കഴിഞ്ഞു. അതെങ്ങനെ കഴിഞ്ഞു?

ഇതിന് പിന്നില്‍ രണ്ടര വര്‍ഷത്തോളമുള്ള അധ്വാനമുണ്ട്. ഞാനൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. എനിക്ക് ശാഖ നിയന്ത്രിച്ച് പരിചയമുണ്ട്. ഇത് എന്നെ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്. ത്രിപുരയിലെ ചെറിയ ഗ്രാമങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ചു. അവിടെയുള്ള പല കോണ്‍ഗ്രസ് നേതാക്കന്മാരും ബിജെപിയിലേക്ക് ചേരണമെന്ന് എന്നോട് ആഗ്രഹം പറഞ്ഞു. ഞാനവരുമായി സംസാരിക്കുകയും ത്രിപുരയെ അറിയുകയും ചെയ്തു. അതാണ് ഈ നേട്ടത്തിന് പിന്നില്‍.

* ട്രെയിനിലും ടീ ഷര്‍ട്ടിലും മോദി

അഗര്‍ത്തലയില്‍ നിന്നു ധര്‍മനഗറിലേക്കു പോകുന്ന ട്രെയിന്‍ പ്രചാരണ ആയുധമാക്കാനുള്ള തന്ത്രം സുനിലിന്റേതായിരുന്നു. രാവിലെ ആറിനു പുറപ്പെടുന്ന ട്രയിനില്‍, മോദിയുടെ ടീ ഷര്‍ട്ട് ധരിച്ച ബിജെപി പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ സ്ഥിരമായി വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു. ട്രെയിനില്‍നിന്ന് ദിവസേന ശേഖരിച്ച ഫോണ്‍ നമ്പരുകളിലെ വാട്‌സ് ആപിലേക്ക് ബിജെപിയുടെ സന്ദേശങ്ങളെത്തിച്ചു. പിന്നീട് ഫോണ്‍ നമ്പരുകളുടെ വലിയ പട്ടിക തയ്യാറാക്കി മണ്ഡലാടിസ്ഥാനത്തില്‍ വിഭജിച്ചു. ഇതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ കോള്‍ സെന്റര്‍ ആരംഭിച്ചു.

ബിജെപി അംഗത്വത്തിന് ഓണ്‍ലൈന്‍ സംവിധാനമായിരുന്നു മറ്റൊരു തന്ത്രം. 2009 ല്‍ പതിനയ്യായിരത്തില്‍ താഴെയായിരുന്നു ബിജെപി അംഗത്വം. 2015 ല്‍ ഇതു 1,75,000 ആയി. സിപിഎം ഉപയോഗിക്കാന്‍ മടിച്ച സോഷ്യല്‍ മീഡിയ ബിജെപി നന്നായി ഉപയോഗിച്ചു. ചെറിയ വിഡിയോകളും കാര്‍ട്ടൂണുകളും തയ്യാറാക്കി പ്രചരിപ്പിച്ചു. മൂന്നുവര്‍ഷത്തിനിടെ 52 കേന്ദ്രമന്ത്രിമാരാണ് ത്രിപുര സന്ദര്‍ശിച്ചത്. അവരെ ജനങ്ങളുമായി അടുപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കി. പതുക്കെ പതുക്കെ ബിജെപി സംസ്ഥാന ഭരണം പിടിച്ചു.

* സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ ഇടത് നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത് മണിക് സര്‍ക്കാരിനെക്കുറിച്ചാണ്. ദരിദ്രനായ മുഖ്യമന്ത്രി. താങ്കള്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

മണിക് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഹെലികോപ്റ്റര്‍ വാടക മാത്രം പത്ത് കോടിയിലധികമാണ്. എന്റെ അഭിപ്രായത്തില്‍ നൃപന്‍ ചക്രവര്‍ത്തിയാണ് ദരിദ്രനായ മുഖ്യമന്ത്രിയെന്ന് വിളിക്കാന്‍ യോഗ്യന്‍. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നു. എനിക്ക് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുമായി യോജിക്കാന്‍ കഴിയില്ല.. പക്ഷേ, അദ്ദേഹത്തിന്റെ ചിന്തകള്‍, തത്വങ്ങള്‍ ഇവയൊക്കെ നല്ലതാണ്. അദ്ദേഹമാണ് യഥാര്‍ഥ മാര്‍ക്‌സിസ്റ്റ്. മണിക് സര്‍ക്കാര്‍ ദരിദ്രനായ മഖ്യമന്ത്രിയെന്ന പേര് മാര്‍ക്കറ്റ് ചെയ്യുന്ന ഒരാള്‍ മാത്രമാണ്.

കടപ്പാട്: ദ വയര്‍