ഞായറാഴ്ച ശുചീകരണദിനം, വീടും പരിസരവും വൃത്തിയാക്കണം

തിരുവനന്തപുരം: ഞായറാഴ്ച ഇപ്പോള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. കാലവര്‍ഷം തുടങ്ങുകയാണ്. കോവിഡിനു പുറമെ നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നം മഴക്കാല രോഗങ്ങള്‍ തടയുക എന്നതാണ്. അതിന് ശുചീകരണം അനിവാര്യമാണ്. വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണദിനമായിരിക്കും. ഇതുസംബന്ധിച്ച് സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം. മുഴുവന്‍ ആളുകളും വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകും. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും. ഈ ശുചീകരണ പ്രവര്‍ത്തനം. ഇതിന് എല്ലാ കക്ഷികളുടെയും സംഘടനകളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. എല്ലാ പാര്‍ട്ടികളുടേയും സഹകരണം സര്‍ക്കാര്‍ ഇതിനുവേണ്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എല്ലാവരും അത് സ്വീകരിച്ചു എന്നതില്‍ സര്‍ക്കാരിന് സന്തോഷമുണ്ട്. എല്ലാ കക്ഷിനേതാക്കളോടും സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എം.വി. ഗോവിന്ദന്‍, തമ്പാനൂര്‍ രവി, കെ. പ്രകാശ് ബാബു, കെ.പി.എ മജീദ്, പി.ജെ ജോസഫ്, സി.കെ. നാണു, ടി.പി. പീതാംബരന്‍മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി. ജോര്‍ജ്, വി. സുരേന്ദ്രന്‍പിള്ള, എ.എ. അസീസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.