ആറന്‍മുളയെ രക്ഷിച്ചത് കുമ്മനമെന്ന് സുഗതകുമാരി; സുഗതകുമാരിയുടെ അനുഗ്രഹം ആറന്‍മുളയപ്പന്റെ അനുഗ്രഹം പോലെയെന്ന് കുമ്മനവും

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ പുകഴ്ത്തി കവയിത്രി സുഗതകുമാരി രംഗത്ത്. പ്രളയത്തില്‍ ആറന്‍മുളയെ രക്ഷിച്ചത് കുമ്മനമാണെന്നായിരുന്നു സുഗതകുമാരിയുടെ പ്രശംസ. കുമ്മനം ഇല്ലായിരുന്നെങ്കില്‍ ആറന്‍മുളയിലെ ഗ്രാമങ്ങള്‍ കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ച് പോയേനെ. നൂറു കണക്കിന് ഏക്കര്‍ ഭൂമി കോണ്‍ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും അവര്‍ പറഞ്ഞു. കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹമുണ്ടാകും.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ കൂടികാഴ്ചയിലാണ് സുഗതകുമാരിയുടെ പ്രസ്താവന.

സുഗതകുമാരിയുടെ അനുഗ്രഹം ആറന്‍മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഗവര്‍ണര്‍ പദവിയില്‍ നിന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കുമ്മനം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

ഇതിന് മുന്നോടിയായാണ് പ്രമുഖരും മത മേലധ്യക്ഷന്‍മാരുമായുളള കുമ്മനത്തിന്റെ കൂടികാഴ്ച. ആര്‍ച്ച് ബിഷപ്പ് സൂസെപാക്യവുമായും അദ്ദേഹം കൂടികാഴ്ച നടത്തി. ശിവഗിരി മഠം, ചേങ്കോട്ടുകോണം ആശ്രമം, ചെമ്പഴന്തി മഠം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.