പണിമുടക്കിന്റെ രണ്ടാം ദിവസം: ട്രെയിന്‍ തടയല്‍ തുടരുന്നു

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ട്രെയിന്‍ തടയുന്നു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വേണാട് എക്‌സ്പ്രസ് 35 മിനിറ്റ് തമ്പാനൂരില്‍ സമരക്കാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസവും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞിരുന്നു.ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെയില്‍വേ ഗതാഗതം താറുമാറായിരുന്നു. രാവിലെ മുതല്‍ ട്രെയിനുകള്‍ സമരാനുകൂലികള്‍ തടഞ്ഞതോടെ മിക്ക ട്രെയിനുകളും മണിക്കൂറോളം വൈകിയാണ് ഓടിയത്. രാത്രി വൈകിയും ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍ ആയിരുന്നില്ല.

ട്രെയിനുകള്‍ തടയുമെന്ന സൂചന നേരത്തേ നല്കിയിരുന്നെങ്കിലും വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ദീര്‍ഘദൂര ട്രെയിനുകളില്‍ നാട്ടിലേക്ക് വന്നവര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി.