സെക്രട്ടറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്നും ഔദ്യോഗിക യോഗങ്ങള്‍ പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇ-ഫയല്‍ ഉപയോഗം വര്‍ധിപ്പിക്കും. സെക്രട്ടറിയറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കിയാണ് ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചത്. പുറമേ നിന്ന് വരുന്നവര്‍ പ്രത്യേക മുറിയില്‍ താമസിച്ച് റൂം ക്വാറന്റൈനിലാണ് ഏര്‍പ്പെടേണ്ടത്. വീട്ടിലുള്ളവര്‍ മാസ്‌ക് ധരിക്കുകയും പുറമേ നിന്ന് വരുന്നവരുമായി ശാരീരിക അകലം പാലിക്കുകയും വേണം. ക്വാറന്റൈനില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കാനായി വാര്‍ഡ്തല കമ്മറ്റികളും ദിശ ആരോഗ്യ ഹെല്‍പ്പ്‌ലൈനും ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.
ഈ മഹാമാരിയെ തടുത്തുനിര്‍ത്താന്‍ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവര്‍ ഓര്‍ക്കേണ്ടത് നാളെ ഈ രോഗം ആര്‍ക്കും വരാം എന്നാണ്. ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുമുണ്ട്.