പ്രവാസികളുടെ ഉള്‍പ്പെടെ പരിശോധനയും നിയന്ത്രണങ്ങളും കര്‍ക്കശമായി തുടരുക തന്നെ ചെയ്യും: മുഖ്യമന്ത്രി

Volunteers in protective suits are being disinfected in a line in Wuhan, the epicentre of the novel coronavirus outbreak, in Hubei province, China February 22, 2020. Picture taken February 22, 2020. China Daily via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. CHINA OUT. - RC2U6F9A4U08

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്; അത് തുടരുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആരെങ്കിലും മൂടിവെച്ചതുകൊണ്ട് ഇല്ലാതാകില്ല. കേരളത്തില്‍ നിലവില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കോവിഡ് കേസുകളും വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ വന്നവയാണ്. അതില്‍ തന്നെ 69 ശതമാനം കേസുകളും വിദേശത്തു നിന്നു വന്നവരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വിദേശരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളില്‍ നമുക്ക് ഇടപെടാന്‍ സാധ്യമല്ല. അതുകൊണ്ട് നമ്മുടെ ഇടപെടലിന്റെ ആദ്യപടി അവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് നടത്തുന്ന സ്‌ക്രീനിങ് ആണ്. ഈ സ്‌ക്രീനിങ് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാവേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുകയും പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവുകയുമാണ്.

നമ്മള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരില്‍ ഏതാണ്ട് 45 ശതമാനത്തോളം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റു രോഗാവസ്ഥയുള്ളവരുമാണ്. രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നതു വഴി ഇവരുടെ ജീവന്‍ വലിയ അപകടത്തിലാവുന്നു. ഇതു നമുക്ക് അനുവദിക്കാന്‍ സാധിക്കുമോ? അതുപോലെത്തന്നെ, ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്റ്റുകളും ഉണ്ടാകുന്നത് തടയേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പ്രൈമറി കോണ്ടാക്ട് വഴി ഉണ്ടാകുന്ന മരണനിരക്ക് കൂടുതലാണ്. ഒരാളില്‍ നിന്നും ഒരുപാടു പേരിലേയ്ക്ക് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് എന്ന സ്ഥിതിവിശേഷം ഉണ്ടാകനുള്ള സാധ്യതയാണ് മറ്റൊരപകടം. സൂപ്പര്‍ സ്‌പ്രെഡിന് വിമാന യാത്രകള്‍ കാരണമാകുന്നു എന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുന്‍പായി സ്‌ക്രീനിങ് നിര്‍ബന്ധമാക്കേണ്ടതുണ്ട് എന്ന് നാം തീരുമാനിച്ചത്. കാര്യക്ഷമമായി സ്‌ക്രീനിങ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി, യാത്രയെ തടയാതെയും നീട്ടി വെയ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. അത് എങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റുമായും എംബസ്സികളുമായും ബന്ധപ്പെട്ടു.
ഈ മാസം 20 മുതല്‍ യാത്രക്കാര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരുന്നത്. ആ ദിവസം അത് പ്രായോഗികമാകാതെ വന്നു. തുടര്‍ന്ന് അഞ്ചുദിവസം സമയം ദീര്‍ഘിപ്പിച്ചു. അതിനിടയില്‍ വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് നേരത്തേ തന്നെ ഇവിടെ സൂചിപ്പിച്ചിരുന്നുവല്ലൊ. വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ എംബസ്സികളുമായി ബന്ധപ്പെട്ടശേഷം അറിയിച്ച കാര്യങ്ങള്‍ ഇന്നലെ ഇവിടെ പറഞ്ഞിരുന്നു. യുഎഇയിലും ഖത്തറിലും പരിശോധനാ സംവിധാനങ്ങള്‍ നിലവിലുണ്ട്. കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത് എന്നതടക്കമുള്ള കാര്യങ്ങളാണ് അറിയിച്ചത്.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ നിലയില്‍ തന്നെയാണ് ഈ പ്രശ്‌നത്തില്‍ ഓരോ ഘട്ടത്തിലും നടപടി സ്വീകരിച്ചിട്ടുള്ളത്. നാളെ മുതല്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും സ്വകാര്യ ഫ്‌ളൈറ്റുകളും വന്ദേഭാരത് മിഷനില്‍പ്പെടുന്ന ഫ്‌ളൈറ്റുകളും കേരളത്തിലേക്ക് വരുമ്പോള്‍ ഇനി പറയുന്ന നടപടികള്‍ സ്വീകരിക്കും.

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവരും ടെസ്റ്റ് നടത്തുന്നതിന് ആത്മാര്‍ത്ഥമായി ശ്രമിക്കണം. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അവര്‍ കയ്യില്‍ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റ്. അതായത് ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂറായിരിക്കും.

എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണം.

എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് എല്ലാ യാത്രക്കാരും വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.

വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കൂടി, ഇവിടെയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടി പിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം.

ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതുപോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.

ഖത്തറില്‍നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ ‘എഹ്ത്രാസ്’ എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം.

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം, രാജ്യത്തിനു പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന മുഴുവന്‍ പേരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.

സൗദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്‌കും ഫേസ് ഷീല്‍ഡും കയ്യുറയും കൂടാതെ, സഹയാത്രക്കാരുടെ, സുരക്ഷയ്ക്ക് പിപിഇ (പെഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്) ധരിച്ചിരിക്കണം.

കുവൈത്തില്‍നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാക്കും. വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ആരോഗ്യവിഭാഗം അനുവദിച്ചശേഷമേ അവര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോകാന്‍ പാടുള്ളു.

യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കയ്യുറ, മാസ്‌ക് എന്നിവ വിമാനത്താവളങ്ങളില്‍നിന്ന് സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും.

ഇവിടുത്തെ എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കും. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കും.

ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്. എന്നാല്‍, അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ നിരസിക്കുന്നുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ തന്നെ ഉണ്ടാകേണ്ട വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമ്മതപത്രത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോര്‍ക്കയില്‍ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങള്‍, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കില്‍ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ. ഇത്രയും കാര്യങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.