ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് സംസ്ഥാനത്ത് അനുമതി

കൊച്ചി: സംസ്ഥാനത്ത് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി. രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കാണ് കേരളത്തിലാദ്യമായി ഈ ശസ്ത്രക്രിയക്ക് അനുമതി കിട്ടിയത്. ജീവിച്ചിരിക്കുന്നവരില്‍ നിന്നോ മസ്തിഷ്ക മരണം സംഭവിക്കുന്ന സ്ത്രീകളില്‍ നിന്നോ ഗര്‍ഭപാത്രം മാറ്റിവയ്ക്കാവുന്നതാണ്.

കൊച്ചി അമൃത, സണ്‍റൈസ് ആശുപത്രികൾക്കാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി നല്‍കിയത്. അമൃതയ്ക്ക് ഡിസംബറിലും സണ്‍റൈസ് ആശുപത്രിക്ക് ഈ മാസവും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കി. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് ഗർഭപാത്രം സ്വീകരിക്കുന്നതാണ് വിജയസാധ്യത കൂടുതലുള്ളതെന്നതിനാല്‍ അതിനാണ് മുന്‍ഗണന.

ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായി കഴിഞ്ഞാല്‍ വേണമെങ്കില്‍ ഗര്‍ഭപാത്രം മാറ്റാം. അല്ലാത്തപക്ഷം ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടതായി വരും. ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രക്തക്കുഴലുകള്‍ വിജയകരമായി യോജിപ്പിക്കുന്നതാണ് പ്രധാനം. ആശുപത്രികള്‍ക്ക് ഈ മേഖലയില്‍ വൈദഗധ്യം ഉണ്ടെന്ന് കണ്ടെത്തിയാണ് അനുമതി നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.