ദുബായ് സ്‌പോഴ്‌സ് വേള്‍ഡിന് അത്യുഗ്രന്‍ തുടക്കം

ദുബായ്: ദുബായ് സ്‌പോഴ്‌സ് വേള്‍ഡിന് തുടക്കമായി. ദുബായ് സ്‌പോഴ്‌സ് കൗണ്‍സിലുമായി സഹകരിച്ച് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 17 മുതല്‍ സെപ്തംബര്‍ എട്ട് വരെയാണ് സ്‌പോഴ്‌സ് വേള്‍ഡ് സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് സ്‌പോഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് മൊഹമ്മദ് പരിപാടിയുടെ ഔപചാരിക ഉത്ഘാടനം നിര്‍വഹിച്ചു.

എല്ലാ കളികളിലും കോച്ചിംഗ് ക്യാമ്പുകള്‍, എല്ലാ പ്രായത്തിലുമുള്ളവര്‍ക്കായി തയ്യാറാക്കിയ കളിയിടങ്ങള്‍ എന്നിവ സ്‌പോഴ്‌സ് വേള്‍ഡിന്റെ പ്രത്യേകതകളാണ്. 25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ശീതീകരിച്ച ഇന്‍ഡോര്‍ കോര്‍ട്ടുകളാണ് പരിശീലനത്തിനും കളികള്‍ക്കുമായി സജ്ജീകരിച്ചിരിക്കുന്നത്.

സ്പോര്‍ട്സ് കോച്ചിങ് സ്ഥാപനങ്ങളായ ലാലിഗ അക്കാദമി, പ്രസ്റ്റിജ് സ്റ്റാര്‍ സ്പോര്‍ട്സ് അക്കാദമി, പ്രൊഫഷണല്‍ സ്പോര്‍ട്സ് അക്കാദമി, ദീപികാസ് ബാഡ്മിന്റണ്‍ അക്കാദമി, ഗോള്‍ഡ്സ് ജിം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഫുട്ബോള്‍, ബാസ്‌കറ്റ് ബോള്‍, റഗ്ബി, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, വോളിബോള്‍, ടെന്നിസ്, ടേബിള്‍ ടെന്നിസ്, ജിംനാസ്റ്റിക്സ്, ഓട്ടം എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് പരിശീലനം.