എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല, 26 നുതന്നെ തുടങ്ങും, കേന്ദ്രാനുമതി കിട്ടി

തിരുവനന്തപുരം: അവശേഷിക്കുന്ന എസ്എസ്എല്‍സി/ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷാ ടൈംടേബിള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭ്യമാകാന്‍ വൈകിയതുമൂലം ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്ര അനുമതിയായിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തും. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതാണ്.
എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവയും പരിഹരിക്കും.