ശ്രീറാം വെങ്കിട്ടരാമനെ ട്രോമ ഐസിയുവിൽ നിന്ന് മാറ്റി വാര്‍ഡിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ വാര്‍ഡിലേക്ക് മാറ്റാൻ തീരുമാനം. കേസിൽ റിമാന്‍റിലായ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമ ഐസിയുവിൽ തുടരുകയായിരുന്നു ശ്രീറാം.

സ്വകാര്യ ആശുപത്രിയിൽ തുടര്‍ന്നതും, വിവാദങ്ങൾക്ക് ഒടുവിൽ പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അതേ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. സര്‍ജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് ശ്രീറാമിനെ വീണ്ടും ട്രോമാ ഐസിയുവിൽ ആക്കിയിരുന്നത്.

ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാൻ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മാത്രമല്ല അപകടമുണ്ടാക്കി മണിക്കൂറുകൾക്ക് ശേഷവും രക്തപരിശോധന പോലും നടത്താൻ തയ്യാറാകാതെ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിന് പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.