ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല; അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈ കോടതി. തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്റ്റേ അനുവദിക്കാത്തതോടെ സര്‍ക്കാര്‍ ആവശ്യത്തിനും കോടതിയിൽ നിന്ന് തിരിച്ചടിയാണ് ഉണ്ടായത്.

തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിൽ അടക്കം പൊലീസിന്‍റെ വീഴ്ചകൾ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല,തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല?, ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ അടക്കം താമസിക്കുന്നിടത്ത് സിസിടിവി എങ്ങനെ ഇല്ലെന്ന് പറയുമെന്നും ഹൈക്കോടതി ചോദിച്ചു.

തെളിവ് നൽകാതെ ശ്രീറാം കബളിപ്പിച്ചു എന്ന് വാദിച്ച സര്‍ക്കാര്‍, മജിസ്ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നൽകിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ കിംസ് ആശുപത്രിയുമായി ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് പറയുന്നുണ്ടെങ്കിലും ശ്രീറാമിന്‍റെ ജാമ്യത്തിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.