ശ്രീശാന്തിന്റെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അംഗം ശ്രീശാന്തിനെ കുറ്റംവിമുക്തനാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ജൂലൈ അവസാനത്തോടെ തീര്‍പ്പുണ്ടാക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നശ്രീശാന്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഡല്‍ഹി പൊലീസ് നല്‍കിയ അപ്പീല്‍ തീരുമാനമാകുന്നതുവരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയശേഷവും നാലുവര്‍ഷമായി വിലക്കു നേരിടുകയാണെന്നും കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുവാദം നല്‍കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളിക്കാനുള്ള ആകാംക്ഷ മനസ്സിലാകുന്നുണ്ടെന്നും എന്നാല്‍ ഹൈക്കോടതിവിധി വരുന്നതുവരെ കാത്തിരിക്കാനുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇന്ത്യയിലെ നിയമനടപടികളെ ബാധിക്കാത്തതിനാല്‍ വിദേശത്ത് കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ശ്രീശാന്തിന് രാജ്യത്ത് കളിക്കാനുള്ള സമയം ഇതുവരെ നഷ്ടപ്പെട്ടുവെന്നും ഖുര്‍ഷിദ് പറഞ്ഞു. എന്നാല്‍, ഇതിനെ എതിര്‍ത്ത ബിസിസിഐ ശ്രീശാന്ത് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കോടതിയെ അറിയിച്ചു.