രജനി കാന്ത് നിഷ്‌കളങ്കന്‍, രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ മേഖലയല്ല: ശ്രീനിവാസന്‍

കൊച്ചി: രജനിയുടെ രാഷ്ട്രീയ പ്രവേശത്തിനെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. രജനിക്ക് പറ്റിയ മേഖലയല്ല രാഷ്ട്രീയമെന്നാണ് ശ്രീനിവാസന്റെ അഭിപ്രായം. ആള്‍ക്കാര്‍ നിര്‍ബന്ധിക്കുമെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ വരാന്‍ പറ്റില്ല. എനിക്ക് പറ്റിയതാണോ രാഷ്ട്രീയം എന്ന് അദ്ദേഹം സ്വയം ചിന്തിക്കുമല്ലോ. രാഷ്ട്രീയത്തില്‍ ജയിച്ചു കയറണമെങ്കില്‍ ചില്ലറ അഭ്യാസമുറകളൊന്നും പോരാ. അദ്ദേഹത്തിന് രാഷ്ട്രീയം പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയ്ക്ക് നിഷ്‌കളങ്കനാണ് അദ്ദേഹം.’ എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. ഒരു അഭിമുഖത്തിലാണ് രജനിയെ കുറിച്ച് ശ്രീനിവാസന്റെ തുറന്നു പറച്ചില്‍.

ദരിദ്രജീവിതം നയിച്ച കാലത്ത് ഒപ്പമുണ്ടായിരുന്ന ആളുകള്‍ എന്നാല്‍ ഭയങ്കര വികാരമാണ് പുള്ളിക്ക്. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ക്കൊന്നും സിനിമയില്‍ കയറിപറ്റാന്‍ സാധിച്ചിട്ടില്ല. പലരും അദ്ദേഹത്തിന്റെ സിനിമാ തിയേറ്ററും കല്യാണ മണ്ഡപവുമൊക്കെ നോക്കി നടത്തുകയാണ്. എന്നും ശ്രീനി പറയുന്നു.

രജനി തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ശ്രീനിവാസന്റെ അഭിമുഖം എന്നതും ശ്രദ്ധേയമാണ്. പുതുവര്‍ഷ ദിനത്തിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ തന്റെ അണികളുമായി സംവദിക്കാന്‍ പുതിയ വെബ് സൈറ്റും രജനി ആരംഭിച്ചിട്ടുണ്ട്