പൊലീസ് തല്ലിപ്പറയിപ്പിച്ചതെന്ന് പ്രതി സൂരജ്, പാമ്പുപിടിത്തക്കാരനും അതേ തന്ത്രം

അടൂര്‍: ഉത്ര വധക്കേസില്‍ ഉരുണ്ടുകളിച്ച് ഭര്‍ത്താവ് സൂരജ്. കസ്റ്റഡിയില്‍ ഇരുന്നപ്പോള്‍ എല്ലാം തത്ത പറയുമ്പോലെ പറഞ്ഞ സൂരജ് മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്നെ തല്ലിപ്പറയിച്ചതാണെന്ന് വിളിച്ചുപറഞ്ഞു. പോലീസിനെതിരേ ഗുരുതരമായ ചില ആരോപണങ്ങളും സൂരജ് ഉന്നയിച്ചു. പോലീസ് തന്നെ ഉപദ്രവിച്ചെന്നു മാത്രമല്ല, തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു.
പാമ്പിനെ കൊണ്ടുവന്നു എന്നു പറയുന്ന ഗ്ലാസ് ജാര്‍ പൊലീസ്തന്നെ കൊണ്ടുവച്ചിട്ട് തന്റെ വിരലടയാളം അതില്‍ പതിപ്പിച്ചെന്നാണ് വിളിച്ചുപറഞ്ഞത്. പൊലീസ് ഇന്ന് അടൂരിലെ വീട്ടില്‍ സൂരജിനെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് കരഞ്ഞ് കൊണ്ട് പറഞ്ഞു.
പോലീസ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു.