വിവാഹമോചന നീക്കം പകവളര്‍ത്തി, സൂരജ് പാമ്പുഗവേഷണം തുടങ്ങിയത് അങ്ങനെ..

കൊല്ലം: പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബം സൂരജുമായുള്ള വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് തന്നെ പൊലീസിനോട് സമ്മതിച്ചതായി മൊഴി പുറത്തുവന്നു. പണത്തിന് വേണ്ടി ഉത്രയെ താന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും സൂരജ് സമ്മതിച്ചു.
അഞ്ചുമാസം മുമ്പാണ് ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടത്. അതോടെ ഇനി രക്ഷയില്ലെന്ന് മനസ്സിലായ സൂരജ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ തുടങ്ങി. പാമ്പ് ഗവേഷണം ആരംഭിച്ചത് അങ്ങനെയാണ്. നാട്ടിലെ പാമ്പുപിടിത്തക്കാരനെപ്പറ്റി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അയാളുമായി ബന്ധമുണ്ടാക്കാന്‍ തന്നെ രണ്ടുമാസമെടുത്തു. എന്നാല്‍, കൊലപാതകത്തിനാണ് പാമ്പിനെ വാങ്ങിയതെന്ന് പറഞ്ഞിരുന്നില്ല. മറ്റു ചില ആവശ്യങ്ങളാണ് പറഞ്ഞത്.
സ്ത്രീധനമായി കിട്ടിയ പണവും സ്വര്‍ണവും തിരിച്ചുകൊടുക്കേണ്ടിവരുമല്ലോ എന്നതും സൂരജില്‍ വൈരാഗ്യം വളര്‍ത്തി. ഒരിക്കല്‍ വീട്ടുകാര്‍ വന്ന് ഉത്രയെ വിളിച്ചുകൊണ്ടുപോയപ്പോഴും കാലുപിടിച്ചാണ് സൂരജ് അതൊഴിവാക്കിയത്.