നാടകീയതയ്ക്ക് ഒടുവിൽ സോണിയ കോൺഗ്രസ് ഇടക്കാല അധ്യക്ഷയാകുമ്പോൾ; പേര് ശുപാര്‍ശ ചെയ്തത് ചിദംബരം

ന്യൂ ഡൽഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റാകും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. കോൺഗ്രസ്‌ അധ്യക്ഷനായി തുടരാൻ താത്പര്യമില്ലെന്ന് വീണ്ടും രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയയിലേക്ക് വീണ്ടും പ്രസിഡന്റ് പദവിയെത്തിയത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് ദിശാബോധം നല്‍കിയെന്ന് പ്രമേയം. രാഹുലിന്റെ രാജി അംഗീകരിച്ചു.

ഇന്നലെ വരെ പാര്‍ട്ടിയില്‍ ഒന്നിലധികം പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ പേരുകളായിരുന്നു അധികവും.

ഒടുവില്‍ പി. ചിദംബരമാണ് സോണിയയെ ഇടക്കാല അധ്യക്ഷയാക്കണമെന്നു ശുപാര്‍ശ ചെയ്തത്. പ്രവര്‍ത്തകസമിതി യോഗത്തിലായിരുന്നു ഇത്.

എന്നാല്‍ സോണിയ ഇതു നിഷേധിച്ചു. യോഗത്തിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ചിദംബരത്തെ എതിര്‍ത്തു. പക്ഷേ സോണിയ തയ്യാറാണെങ്കില്‍ ആര്‍ക്കും എതിര്‍ത്തു പറയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

ചിദംബരത്തെ എതിര്‍ത്തുകൊണ്ട് എ.കെ ആന്റണി യോഗത്തില്‍ എഴുന്നേറ്റുനിന്നു. എന്നാല്‍ ആന്റണിയോട് ഇരിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്തുകൊണ്ട് സോണിയ ആയിക്കൂടാ എന്നായിരുന്നു സിന്ധ്യ പറഞ്ഞത്.

സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനമേറ്റെടുക്കാന്‍ സോണിയ മുന്നോട്ടുവരണമെന്ന് സിന്ധ്യ പറഞ്ഞു.

വിശാല ചർച്ചയിൽ നിന്നും സോണിയ ഗാന്ധിയും രാഹുലും വിട്ടുനിന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ് ഗാന്ധി കുടുംബത്തിൽ നിന്നും ചർച്ചകളിൽ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ വൈകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ നീരസം പ്രകടിപ്പിച്ചു.

ഒടുവില്‍ സമിതി അംഗങ്ങളുടെ തുടര്‍ച്ചയായ ആവശ്യത്തെത്തുടര്‍ന്നു 72-കാരിയായ സോണിയക്ക് സ്ഥാനമേറ്റെടുക്കേണ്ടി വന്നു.