പ്രവാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമം, ഒരാളുടെ വരവിനെയും തടഞ്ഞിട്ടില്ല

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സ്‌ക്രീനിങ് നിര്‍ബന്ധമാക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലര്‍ ഇറങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ രോഷം സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒരുകാര്യം തുടക്കത്തിലേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താല്‍പര്യമുള്ള പ്രവാസികളെയാകെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും; അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും.
ആ പ്രഖ്യാപിത നിലപാടില്‍നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പിറക്കോട്ടു പോയിട്ടില്ല. ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവിനെയും തടഞ്ഞിട്ടില്ല.
72 ഫ്‌ളൈറ്റുകള്‍ ഇന്നത്തെ ദിവസം മാത്രം കേരളത്തിലേക്ക് വരാനാണ് അനുമതി നല്‍കിയത്. 14,058 പേര്‍ ഈ ഫ്‌ളൈറ്റുകളില്‍ ഇന്ന് നാട്ടിലെത്തുന്നത്. ഒന്നൊഴികെ ബാക്കി 71ഉം വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ്. കൊച്ചിയില്‍ 24ഉം കോഴിക്കോട് 22ഉം കണ്ണൂരില്‍ 16ഉം തിരുവനന്തപുരത്ത് 10ഉം വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. നമ്മുടെ ആളുകള്‍ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.
ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളുമാണ് സംസ്ഥാനത്തെത്തിയത്. 543ല്‍ 335 എണ്ണം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേഭാരത് മിഷന്റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ജൂണ്‍ 30 വരെ 462 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഇതുവരെ വിദേശങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച ആളുകള്‍ക്കെല്ലാം സൗജന്യമായി കേരള സര്‍ക്കാര്‍ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള വയോജനങ്ങളെ ഉള്‍പ്പെടെ ചികിത്സിച്ച് ഭേദമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്‍ എപ്പോള്‍ തിരിച്ചെത്തിയാലും ചികിത്സ വേണ്ടിവന്നാല്‍ അത് ലഭ്യമാക്കുക തന്നെ ചെയ്യും.
216 ലോക രാജ്യങ്ങളിലും പ്രവിശ്യകളിലുമായി വ്യാപിച്ച രോഗമാണ് കോവിഡ് 19. ഇതുവരെ 4.8 ലക്ഷത്തിലധികം ആളുകള്‍ മരണമടഞ്ഞു. 90 ലക്ഷത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചു. 38 ലക്ഷത്തോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
ലോകത്താകെ വ്യാപിച്ചുകിടക്കുന്നതാണ് കേരളീയ സമൂഹം. വിദേശ രാജ്യങ്ങളില്‍നിന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞവരെക്കുറിച്ച് ഈ വേദിയില്‍ തന്നെ പലതവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ട് മരണമടഞ്ഞവരല്ല അവരാരും. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാസൗകര്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുമുണ്ടെന്നും പിണറായി വ്യക്തമാക്കി.