ലക്ഷ്യം പെട്രോളിയം ഇതര വരുമാനം; സൗരോര്‍ജത്തിലേക്ക് ചുവടുമാറ്റി സൗദി, വന്‍ തൊഴില്‍ അവസരങ്ങള്‍ പിന്നാലെ

റിയാദ്: പെട്രോളിയം ഇതര വരുമാനം ലക്ഷ്യമിട്ടു വന്‍ സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. 300 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ ലക്ഷ്യമിടുന്നത്. ബദല്‍ സാമ്പത്തിക ഉറവിടമായി സൗരോര്‍ജത്തെ മാറ്റുന്നതിനൊപ്പം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ വര്‍ഷം 700 കോടി ഡോളറാണ് പദ്ധതിക്കായി നീക്കിവയ്ക്കുന്നത്. 2023 ല്‍ രാജ്യത്തെ വൈദ്യുതി ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കുകയാണ് ലക്ഷ്യം.

കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിലാണു പുതിയ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഏറ്റവും വലിയ പെട്രോളിയം ഉല്‍പാദക രാജ്യമായ സൗദിക്ക് പാരമ്പര്യേതര ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ രാജ്യാന്തര ശക്തിയാകാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ ഫാമിന് ഇതിനോടകം തുടക്കം കുറിച്ചു. ഏഴു സൗരോര്‍ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി വൈദ്യുത പദ്ധതിയുമാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസായ എണ്ണ വിപണിയില്‍ ഇടിവുവന്നതോടെയാണ് സൗരോര്‍ജ പദ്ധതിയിലേക്ക് സൗദി നീങ്ങുന്നത്. ഭാവിയില്‍ സൗരോര്‍ജത്തെ പ്രധാന സാമ്പത്തിക മേഖലയാക്കി മാറ്റുകയും അവര്‍ ലക്ഷ്യമിടുന്നു