മോദിയുമായി ഇടഞ്ഞ് ശിവസേന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കും

മുംബൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചു. മുബൈയിൽ ചേർന്ന പാർട്ടി ദേശീയ നിർവ്വാഹകസമിതി യോഗമാണ് തീരുമാനം എടുത്തത്. ആദിത്യ താക്കറയെ പാർട്ടിയുടെ ഉന്നതസമിതിയിൽ ഉൾപ്പെടുത്തി. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് വഴിപിരിയും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 2019-ൽ ലോക്സഭയിലേക്ക് ഒറ്റയ്ക്കു മത്സരിക്കും എന്ന് ദേശീയനിർവ്വാഹകസമിതി യോഗത്തിൽ ഉദ്ദവ് താക്കറെ പ്രഖ്യാപിക്കുകയായിരുന്നു.

ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറയെ ദേശീയ നിർവ്വാഹകസമിതിയിൽ ഉൾപ്പെടുത്തി ശിവസേന അടുത്ത നേതൃത്വത്തെക്കുറിച്ചുള്ള സന്ദേശവും നല്കി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിലും സേന ബിജെപിയുമായി ചേർന്നല്ല മത്സരിച്ചത്. ഇതിൻറെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മനസില്ലാ മനസോടെയാണ് ശിവസേന നരേന്ദ്ര മോദിയെ അംഗീകരിച്ചത്. സുഷമാസ്വരാജ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിനോടായിരുന്നു സേനയ്ക്ക് താലപര്യം.

കേന്ദ്രമന്ത്രിസഭയിൽ ശിവസേനയുണ്ടെങ്കിലും കഴിഞ്ഞ നാലു കൊല്ലമായി ബിജെപിയുമായി പാർട്ടി തെറ്റി നില്ക്കുകയാണ്. 48 ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണ ബിജെപി ശിവസേന സഖ്യം.സീറ്റും തൂത്തു വാരിയിരുന്നു. ഇത്തവണ സേന ഒറ്റയ്ക്കു മത്സരിക്കുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാവാം. അകാലിദളും പിണക്കത്തിലാണെന്നിരിക്കെ നിതീഷ്കുമാറിൻറെ ജെഡിയു മാത്രമാകും ബിജെപിക്കൊപ്പം അടിയുറച്ചു നിലക്കുന്ന പ്രബല കക്ഷി. 2019-ൽ 2104-ലെ സ്ഥിതി ആവർത്തിക്കാനാകുമോ എന്ന ആശങ്കയുള്ളപ്പോൾ സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷി പിന്തുണ ബിജെപിക്ക് അനിവാര്യമാകാം. അതുകൊണ്ട് തന്നെ ശിവസേനയുടെ തീരുമാനം പ്രതിപക്ഷത്തിന് ഊർജ്ജം പകരും.