നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി വേണം; മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്

വയനാട്: മാര്‍പാപ്പയ്ക്ക് സഭാ അധികൃതരുടെ നടപടിയില്‍ കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. സഭാനിയമങ്ങൾക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും റോമിലെത്തി നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ സന്യാസ സഭയ്ക്ക് തെറ്റുകാരിയായത്. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ലൂസി കളപ്പുര കത്തില്‍ വ്യക്തമാക്കി.

തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തിലാണ് സിസ്റ്റര്‍ ലൂസി മാര്‍പാപ്പയ്ക്ക് കത്തെഴുതിയത്. സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ അപ്പീല്‍ തള്ളിയത്.

മഠത്തില്‍നിന്ന് ഇറങ്ങില്ലെന്നായിരുന്നു വത്തിക്കാനില്‍നിന്നും മറുപടി വന്നതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചത്. മഠത്തില്‍നിന്നും ഒരു കാരണവശാലും ഇറങ്ങില്ല. ഒരു ഫോണ്‍കോളിലൂടെപോലും പറയാനുള്ളതു സഭ കേട്ടില്ല. പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു.

ദാരിദ്ര്യവൃതം ലംഘിച്ചു, ചുരിദാർ ധരിച്ചു, ചാനല്‍ ചർച്ചകളില്‍ പങ്കെടുത്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യസ്‍ത സഭ വയനാട് കാരയ്ക്കാമല മഠത്തിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കിയത്. മെയ് പതിനൊന്നിന് ദില്ലിയില്‍ സാഭ അധികൃതർ യോഗം ചേർന്നെടുത്ത തീരുമാനം ആഗസ്റ്റ് 7 നാണ് സിസ്റ്റർ ലൂസി കളപ്പുരയെ ഔദ്യോഗികമായി അറിയിച്ചത്.