അഭയ കേസിലെ 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി

തിരുവനന്തപുരം: വിചാരണക്കിടെ അഭയ കേസിലെ ഒരു സാക്ഷി കൂറുമാറി. കേസിലെ 50-ാം സാക്ഷി അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നടന്ന കേസിന്റെ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു.

മൊഴി രേഖപ്പെടുത്തി തുടങ്ങിയപ്പോള്‍ ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് സിബിഐ ആവശ്യപ്പെടുകയും ഇത് കോടതി അനുവദിക്കുകയും ചെയ്തു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. കേസിന്റെ ആദ്യ വിചാരണ ദിനത്തില്‍ തന്നെ സാക്ഷി കൂറുമാറുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. കേസില്‍ ഏറെ നിര്‍ണായകമായ മൊഴി നല്‍കിയിരുന്ന സാക്ഷിയായിരുന്നു സിസ്റ്റര്‍ അനുപമ.

കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയോടൊപ്പമാണ് അനുപമയും താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നാണ് അനുപമ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇക്കാര്യം പ്രതികള്‍ക്കെതിരായ കുറ്റപത്രത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷത്തിനിപ്പുറം മൊഴി മാറ്റിപ്പറഞ്ഞിരിക്കുകയാണ് അനുപമ. അതിനാല്‍ സാക്ഷി കൂറുമാറിയതായി സിബിഐ കോടതി പ്രഖ്യാപിച്ചു. കേസില്‍ സിബിഐയ്ക്ക് തിരിച്ചടിയുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മൂന്ന് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കാനുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ അനുപമയെ മാത്രമാണ് വിസ്തരിച്ചത്. ഇവരുടെ വിസ്താരം തുടരും.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.