നിങ്ങള്‍ക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുടുംബം കലക്കിയെന്നോ വിളിക്കാം; ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഗായിക അഭയ

കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി. ഫേസ്ബുക്കിലൂടെയാണ് ഹിരണ്‍ ഇത് വെളിപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

‘2008മുതല്‍ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. അതെ ഞാന്‍ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹവുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ ജീവിക്കുന്നു. ഞാന്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം. ഒരു കുടുംബം നശിപ്പിച്ചവളെന്നും വിളിക്കാം. ഒളിച്ചോട്ടങ്ങള്‍ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാന്‍ വയ്യ. അതുകൊണ്ട് ഈ കുറിപ്പ് ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്. പൊങ്കാലകള്‍ക്ക് സ്വാഗതം. ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം.’ അഭയ ഫെയ്സ്ബുക്കില്‍ കുറിച്ചു.


മുന്‍പ് അഭയുമായുള്ള ചിത്രം പങ്കുവച്ചപ്പോള്‍ ഗോപി സുന്ദറിനെ പരിഹസിച്ച് ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു. ചിലര്‍ ചില കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇക്കാര്യം ഇതുവരെ കോടതിയില്‍ അറിയിച്ചിട്ടില്ല. എങ്കിലും ചിലരെ ഇത്രയും വര്‍ഷം കൂടെ നിര്‍ത്തിയതിന് അഭിനന്ദനങ്ങള്‍’ പ്രിയ അന്നു കുറിച്ചിരുന്നു.