പേരിലും രൂപത്തിലും സാമ്യം; ജസ്ലയ്ക്ക് വെച്ചത് ജസീലയ്ക്ക് കൊണ്ടു

തിരുവനന്തപുരം: ചക്കിന് വെച്ചത് കൊക്കിന് കൊണ്ടുവെന്ന പ്രയോഗം അക്ഷരംപ്രതി ശരിയായിരിക്കുകയാണ് ജസീലയുടെ കാര്യത്തില്‍. കണ്ണൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ മരണത്തെത്തുടര്‍ന്ന് കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിയായ ജസ്ല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് ജസ്ലയുടെ ഫെയ്‌സ്ബുക്കില്‍ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. എന്നാല്‍ ജസ്ലയെ ഉദ്ദേശിച്ച് പലരും പ്രതികരണമറിയിച്ചത് മാധ്യമപ്രവര്‍ത്തകയായ ജസീലയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ്. പേരിലും രൂപത്തിലും രണ്ടുപേരും തമ്മിലുള്ള സാമ്യമാണ് ഇതിന് വഴിയൊരുക്കിയത്.

കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിയായ ജെസ്ല ഷുഹൈബിന്റെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത് പാര്‍ട്ടിയില്‍ നിന്നും മാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വരെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയുയര്‍ന്നിരുന്നു. ജെസ്ലയെ ഉന്നം വെച്ച് പലരും എത്തിച്ചേര്‍ന്നത് ജെസീലയുടെ അക്കൗണ്ടിലാണ്. അക്കൗണ്ട് ആരുടേതെന്ന് ഉറപ്പാക്കാതെ പ്രതിഷേധക്കാര്‍ പ്രതിഷേധമറിയിക്കുന്നത് തുടരുകയും ചെയ്തു.

ജസ്ല ഷുഹൈബിന്റെ കൊലപാതകത്തെ സാമാന്യവത്കരിക്കുന്ന തരത്തിലാണ് ഫെയ്ബുക്കില്‍ പ്രതികരണമറിയിച്ചത് എന്നതാണ് സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്നുകേട്ട വാദം. ‘രാഷ്ട്രീയം മുതലെടൂപ്പിന്റേതാവുംപോള്‍..പരസ്പരം പണികൊടുക്കലിന്റെതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും. സ്വാഭാവികവും’ ഇതായിരുന്നു ജസ്ലയുടെ പ്രതികരണം.


ജസ്ലയുടെ പ്രസ്താവന വിവാദമാകുകയും ജസ്ലയ്‌ക്കെതിരെ മോശം ഭാഷയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധങ്ങളുയരുകയും ചെയ്തു. പിന്നാലെ ജെസ്ലയെ അന്വേഷണ വിധേയമായി സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിയതായി കെ.എസ്.യു അറിയിപ്പുമായുമെത്തി.