“ഷുഹൈബിനെ കൊന്നത് പാർട്ടിപറഞ്ഞിട്ട്”

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്‍റെ കൊലപാതകം പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ എന്ന് പ്രതികളുടെ മൊഴി. ആക്രമണം ആസൂത്രണം ചെയ്തത് നേതൃത്വം ആണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രതികൾ മൊഴി നൽകി.കാല് വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യം എന്നാൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. രക്തം വാർന്നാണ് മരണം സംഭവിച്ചത്.

കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.