ഷുഹൈബ് വധം ; 37 വെട്ടുകളില്‍ 12 എണ്ണവും താനാണെന്ന് ആകാശ്, കൊട്ടേഷന്‍ നല്‍കിയത് സിപിഎം നേതാവ്

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്താന്‍ മട്ടന്നൂരിലെ ഒരു സി.പി.എം നേതാവാണ് ആകാശ് തില്ലങ്കേരിക്ക് കൊട്ടേഷന്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ആകാശിന് കൊട്ടേഷന്‍ നല്‍കിയ നേതാവ് ആരാണ്..? തില്ലങ്കേരിയില്‍നിന്നും 40 കിലോമീറ്ററിനപ്പുറം കാര്‍ വാടകക്കെടുക്കാന്‍ ആരാണ് സഹായിച്ചത്..? കൃത്യത്തിന്റെ രൂപ രേഖ തയ്യാറാക്കിയത് ആര്…? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രതികള്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികളാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരും തില്ലങ്കേരി സ്വദേശികളാണ്. ഇനി പിടിയിലാകാനുളളത് തില്ലങ്കേരി സ്വദേശി ദീപു എന്ന ദീപ് ചന്ദുമാണ്. തില്ലങ്കേരിയിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരും കൊട്ടേഷനില്‍ മുന്‍പരിചയമുളളവരുമായ റെജില്‍രാജ്, ജിതിന്‍, ദീപു എന്നി വരെ ആകാശ് ഇതിനായി ഒപ്പം കൂട്ടുകയായിരുന്നു. വാഹനം എത്തിക്കാന്‍ ചുമതലപ്പെടുത്തിയത് അഖിലിനായിരുന്നു. പാപ്പിനിശേരി അരോ ളിയി ലെ റെന്റ് എ കാര്‍ ബിസിനസുകാരന്‍ പ്രശോഭില്‍ നിന്നും വാഹനം വാടകക്കെടുത്ത് അഖില്‍ പ്രദേശവാസിയായ അസ്‌കറിനാണ് നല്‍കിയത്. വാഹനം ഓടിച്ചിരുന്നതും കൊലയാളി സംഘത്തിന് ഷുഹൈബിനെ ചൂണ്ടിക്കാട്ടി കൊടുത്തതും അസ്‌കറാണ്. ഷുഹൈബിന്റെ ശരീരത്തിലെ 37 വെട്ടുക ളില്‍ 12 എണ്ണവും താനാണെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊട്ടേഷന്‍ ഗ്യാങിനെ തെരഞ്ഞെടുത്തതും പദ്ധതി പ്ലാന്‍ ചെയ്തതും ആകാശാണ്. കൊലയാളി സംഘത്തിലെ രണ്ട് പേര്‍ക്ക് ഒളിവില്‍ താമസിക്കാനുളള സൌകര്യം ഏര്‍പ്പെടുത്തിയെന്നതാണ് അന്‍വറിന് മേലുളള കുറ്റം. പിടിയിലാവാനുളള ദീപുവിന് സംഭവത്തിനിടെ നിസാരമായ പരിക്കേറ്റിരുന്നു.

അതെസമയം ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ തള്ളി. നിഷ്പക്ഷവും നീതീപൂര്‍വവുമായാണ് അന്വേഷണം നടക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഇനിയും പ്രതികളുണ്ടെങ്കില്‍ അവരെ പിടികൂടുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം സിബിഐ അന്വേഷണ ആവശ്യം സര്‍ക്കാര്‍ തള്ളുമെന്ന് പ്രതീക്ഷിച്ചതായി കെ.സുധാകരന്‍ പറഞ്ഞു.