ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ദില്ലി: ജെ എന്‍ യു മുന്‍വിദ്യാര്‍ഥി യൂണിയന്‍ നേതാവും കശ്മീരിലെ രാഷ്ട്രീയപ്രവര്‍ത്തകയുമായ ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്താവനകളാണ് കേസിന് കാരണമായത്.

ദില്ലി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസെടുത്തിരിക്കുന്നത്. 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെയുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഷെഹ്‌ലയ്‌ക്കെതിരായ പരാതി.

കശ്മീരിൽ ഇന്ത്യൻ സൈന്യം വീടുകളിൽ നിന്നും യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും വീടുകളിൽ അനധികൃതമായി പരിശോധന നടത്തുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു. ബിജെപിയുടെ അജണ്ട നടപ്പാക്കാൻ കശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യൻ ആർമി അന്വേഷണക്കമ്മിഷനെ രൂപീകരിച്ചാൽ തെളിവു നൽകാൻ തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു.