തരൂര്‍ ഒരുക്കങ്ങള്‍ തുടങ്ങി; തിരുവനന്തപുരത്ത് പ്രചാരണത്തിന് കേളികൊട്ടായി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം  നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയാണ് യുഡിഎഫ്. ഈ മാസം 27 നാണ് കണ്‍വെന്‍ഷന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.മുല്ലപ്പള്ളി രാമചന്ദ്രനും ബെന്നി ബഹനാനും അടക്കമുള്ള പുതിയ നേതൃനിരയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ശശി തരൂര്‍ തന്നെയായിരിക്കും തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിട്ടുണ്ട്.തിരുവനന്തപുരം യുഡിഎഫ് ഏറെ പ്രതീക്ഷ വയ്ക്കുന്ന സീറ്റാണ്.ശക്തമായ പോരാട്ടത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌ പാര്‍ട്ടിയുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി നേരത്തെ തന്നെ  പ്രചരണം ആരംഭിക്കാനുള്ള തീരുമാനം. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ്  ഇത്തരമൊരു നടപടി . കേരള നേതൃത്വത്തിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യവും രാഹുല്‍ ഗാന്ധി നല്‍കി കഴിഞ്ഞു.മറ്റു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ത്തന്നെ ആരംഭിക്കും.

തിരുവനന്തപുരത്ത് ഇത്തവണ തെരഞ്ഞെടുപ്പ് പോര് മുറുകുമെന്നതില്‍ സംശയമില്ല. ശശി തരൂരിനെതിരെ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനെ രംഗത്തിറക്കാന്‍
ബിജെപിയും ജെഎന്‍യു യൂണിയന്‍ ജോയിന്റ് സെക്രട്ടറി അമുതയെ നിര്‍ത്താന്‍ സിപിഐയും ശ്രമിക്കുകയാണ്.മോഹന്‍ലാല്‍ ബിജെപിയുടെയും പന്ന്യന്‍ രവീന്ദ്രന്‍ സിപിഐയുടേയും പട്ടികയിലുണ്ട്‌ . തിരുവനന്തപുരത്ത് ശക്തമായ ഒരു ത്രികോണ മത്സരം ഉണ്ടാകുന്നതിനുളള സാധ്യത മുന്നില്‍ക്കണ്ടാണ് ശശി തരൂര്‍ നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരിക്കുന്നത്.