ജോളിക്ക് സിലിയോട് അടങ്ങാത്ത വിരോധം; സിലിയുടെ മരണം ഷാജുവിനറിയാമായിരുന്നു

കൂടത്തായി കൊലപാതകപരമ്പരയില്‍ സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നെന്ന നിഗമനത്തില്‍ പൊലീസ്.ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്.പി ഓഫീസില്‍ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിലിയുടെ മരണം സ്ഥിരീകരിച്ച് ‘എവരിതിങ് ക്ലിയർ’ എന്ന ഫോൺ സന്ദേശം ഭർത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് ജോളി മൊഴി നൽകിയിരുന്നു. ആശുപത്രിയിൽ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നതാണ് സന്ദേശമയയ്ക്കാൻ കാരണം.

ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു.സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഭർത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിർപ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരിൽ ഷാജുവിന്റെ മാതാപിതാക്കൾ സിലിയോട് കലഹിച്ചു. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തി ആദ്യം പകതീർത്തു. ഭാര്യയുടെ കാര്യത്തിലും താൻ തീർപ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറ‍ഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി.

നേരത്തെ സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ പുതിയ മൊഴി പുറത്തു വന്നിരുന്നു. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയത്. എന്നാല്‍ ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.