മരുഭൂമിയിലെ നക്ഷത്രമായി തിളങ്ങി യു.എ.ഇ രാഷ്ട്രപിതാവിന്റെ സ്മാരകം

അബുദാബി: മരുഭൂമിയിലെ നക്ഷത്രമായി തിളങ്ങി യു.എ.ഇ രാഷ്ട്രപിതാവിന്റെ സ്മാരകം. അബുദാബി മറീനയിലേക്കുള്ള എമിറേറ്റ്‌സ് പാലസിന്റെ മുന്നിലാണ് ‘സ്ഥാപകന്റെ സ്മാരകം’ എന്ന പേരില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്.

നഗരത്തിന് നടുവില്‍ മരങ്ങള്‍ക്കിടയില്‍ 3.3 ഹെക്ടര്‍ വിസ്തൃതിയില്‍ ഒരുക്കിയ സ്മാരകം അമേരിക്കന്‍ ശില്പകലാ വിദഗ്ധനും കലാകാരനുമായ റാല്‍ഫ് ഹെല്‍മിക് ആണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ശൈഖ് സായിദ് ആരായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ച ലോകത്തിന് സമ്മാനിക്കുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് യു.എ.ഇ സായിദ് വര്‍ഷം ആചരിക്കുമ്പോള്‍ എത്തുക. ഈ സമയം സ്ഥാപകന്റെ സ്മാരകം രാത്രിയിലും സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയും രാത്രി എട്ടു മണിമുതല്‍ ഒരു മണി വരെയുമാണ് റംസാനിലെ സന്ദര്‍ശന സമയം.

പല വലിപ്പത്തിലുള്ള ഉരുക്കില്‍ തീര്‍ത്ത 1300 ജ്യാമിതീയ രൂപങ്ങള്‍ ആയിരത്തോളം ഉരുക്കു കയറില്‍ വ്യത്യസ്ത തരത്തില്‍ ക്രമീകരിച്ചാണ് ശൈഖ് സായിദിന്റെ മുഖം തീര്‍ത്തിരിക്കുന്നത്. ശൈഖ് സായിദിന്റെ മുഖം ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കാണാന്‍ കഴിയും, രാത്രിയില്‍ പ്രത്യേകതരത്തില്‍ സജ്ജീകരിച്ച വെളിച്ചത്തിന്റെ സാന്നിധ്യത്തില്‍ ജ്യാമതീയ രൂപങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ തിളങ്ങും എന്നിവ സ്മാരകത്തിന്റെ പ്രത്യേകതയാണ്.