കുവൈറ്റിന്റെ പുതിയ അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പതിനാറാമത് അമീറായി ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമെറ്റു. ഇന്നു രാവിലെ നടന്ന പ്രത്യേക പാര്‍ലമെന്റ് സെഷനിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാജ്യത്തിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിനും സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിനുമായി പ്രവര്‍ത്തിക്കുമെന്ന് അമീര്‍ ശൈഖ് നവാഫ് പറഞ്ഞു. മേഖലയിലും ലോക രാജ്യങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് പൂര്‍വികരുടെ പാത പിന്തുടരും. കിരീടാവകാശിയെന്ന നിലയില്‍ കഴിഞ്ഞ 14 വര്‍ഷത്തിലേറെ അമീര്‍ ശൈഖ് സബാഹിന് താങ്ങും തണലുമായി നിന്ന സൗമ്യശീലനായിരുന്നു ശെഖ് നവാഫ് അല്‍ അഹ്മദ്.അമീര്‍ ഷേയ്ഖ് സബാഹിന്റെ നേതൃത്വത്തില്‍ കുവൈറ്റ് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നേറിയപ്പോഴെല്ലാം ശക്തമായ പിന്തുണയും ആത്മശക്തിയും നല്‍കിയത് ശൈഖ് നവാഫ് ആയിരുന്നു.1962ല്‍ ഹവല്ലി ഗവര്‍ണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 78ലും പിന്നീട് 1986-88 കാലത്ത് ആഭ്യന്തര മന്ത്രിയായും 1988ലും 90ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1991ല്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന്റെ ചുതമല വഹിച്ച അദ്ദേഹം 1994ല്‍ നാഷണല്‍ ഗാര്‍ഡ് മേധാവിയായി. 2003ല്‍ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചു.