കര്‍ണാടക ഗവര്‍ണറുടെ നടപടിയ്ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എ അറസ്റ്റില്‍

ബംഗളുരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഫി പറമ്പിലിനൊപ്പം നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി വരികയാണ്.

രാജ്ഭവന്‍ അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ വച്ച് അധികം ആര്‍ഭാടങ്ങളില്ലാതെയാണ് യദ്യൂരപ്പ രാവിലെ 9 മണിയോടെ സത്യപ്രതിജ്ഞ ചെയ്തത്. ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് ഇനി യെദ്യൂരപ്പയുടെ ഭാവി.